ചാമ്പ്യന്‍സ് ട്രോഫി; സിക്സ്, പിന്നാലെ പുറത്ത്, ഒത്തുകളി തന്നെ: മാക്‌സിക്കെതിരേ ആരോപണം

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഒത്തുകളിച്ചതായി ഗുരുതര ആരോപണം. ഒരു പാകിസ്താന്‍ ടെലിവിഷന്‍ ചാനലില്‍ ഈ മല്‍സരത്തെക്കുറിച്ച് സംസാരിക്കവെ പാക് മാധ്യമപ്രവര്‍ത്തകന്‍ നസീം രാജ്പൂതാണ് ഗുരുതര ആരോപണമുന്നയിച്ചത്. മാക്‌സ്വെല്ലിന്റെ കളിയില്‍ തനിക്കു പന്തികേട് തോന്നാനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുബായില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. ഈ കളിയില്‍ നാലു വിക്കറ്റിന്റെ വിജയവുമായി ഇന്ത്യന്‍ ടീം ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. മാക്‌സ്വെല്‍ ഈ കളിയില്‍ ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിച്ചതുമില്ല.
അഞ്ചു ബോളില്‍ ഏഴു റണ്‍സാണ് അദ്ദേഹം നേടിയത്. അക്ഷര്‍ പട്ടേലിനെതിരേ സിക്‌സര്‍ പറത്തിയ മാക്‌സി അടുത്ത ബോളില്‍ ബൗള്‍ഡാവുകയും ചെയ്തു. ബൗളിങിലാനട്ടെ 6.1 ഓവറുകളാണ് അദ്ദേഹം പന്തെറിഞ്ഞത്. 5.70 ഇക്കോണമി റേറ്റില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ഓസീസ് സൂപ്പര്‍ താരത്തിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.
മാക്‌സി കളിച്ചത് ആര്‍സിബിക്കോ?
ഇന്ത്യക്കെതിരേയുള്ള സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടിയല്ല, മറിച്ച് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഗ്ലെന്‍ മാക്‌സ്വെല്‍ കളിച്ചതു പോലെയാണ് തനിക്കു തോന്നിയതെന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ നസീം രാജ്പുത് പരിഹസിച്ചു
സെമി ഫൈനലില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കളി കണ്ടപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നി. ഐപിഎല്ലില്‍ വിരാട് കോലിയുള്‍പ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി അദ്ദേഹം കളിച്ചതു പോലെയാണ് എനിക്കു അനുഭവപ്പെട്ടത്. എന്തുകൊണ്ടാണ് എനിക്കു അങ്ങനെയൊരു തോന്നലുണ്ടായതെന്നു അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്താവല്‍ സംശയകരം
ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കളിയില്‍ സംശയം തോന്നാനുള്ള ആദ്യത്തെ കാരണം അദ്ദേഹം പുറത്തായ രീതി തന്നെയാണ്. കൈയില്‍ നിന്നും ബാറ്റിന്റെ നിയന്ത്രണം വിട്ടു പോവുകയും തുടര്‍ന്നു ബൗള്‍ഡാവുകയും ചെയ്യേണ്ടിയിരുന്ന ഒരു ബോളായിരുന്നില്ല അത്.
തൊട്ടു മുമ്പത്തെ ബോളില്‍ മാക്‌സ്വെല്‍ സിക്‌സറടിച്ചതാണ്. അത്തരമൊരു സിക്‌സര്‍ അദ്ദേഹത്തിനു മാത്രമേ കളിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ബോളിനെ താഴെ നിന്നുമാണ് മാക്‌സ്വെല്‍ ഉയര്‍ത്തിയെടുത്ത് സിക്‌റിലേക്കു അടിച്ചത്.
ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന അലെക്‌സ് ക്യാരി അഗ്രസീവ് ബാറ്റിങിലൂടെ മാക്‌സ്വെല്ലിനും സമാനമായ കളി പുറത്തെടുക്കാനുള്ള അവസരം ഒരുക്കി നല്‍കിയതാണ്. ആ സമയത്തു ഓസ്‌ട്രേലിയന്‍ ടീം 300 റണ്‍സ് ഉറപ്പായും നേടുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നതായും നസീം രാജ്പുത് വ്യക്തമാക്കി.
അതിനു ശേഷം ഇന്ത്യന്‍ റണ്‍ചേസിനിടെ വിരാട് കോലിയുടെ വളരെ സിംപിളായിട്ടുള്ള ഒരു ക്യാച്ചാണ് മാക്‌സ്വെല്‍ കൈവിട്ടു കളഞ്ഞത്. അതിനു ശേഷം സ്‌ക്രീനില്‍ വീണ്ടും വീണ്ടും മാക്‌സ്വെല്ലിനെ തന്നെ കാണിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ തനിക്കു ലഭിച്ചിരിക്കുന്ന വമ്പന്‍ കരാര്‍ കാരണം മനപ്പൂര്‍വ്വം മാക്‌സ്വെല്‍ മോശമായി കളിച്ചുവെന്നാണ് എനിക്കു തോന്നിയത്. ഐപിഎല്ലെന്നത് ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന ഒരു ലീഗാണ്. എല്ലാ താരങ്ങളും ഇതിലൂടെ വലിയ തുകയും നേടുന്നതായും പാക് മാധ്യമപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരായ സെമി ഫൈനല്‍ മാക്‌സ്വെല്ലിനെ സംബന്ധിച്ച് ഒരു മോശം ദിനമായി കാണാന്‍ കഴിയില്ലെന്നു ഷോയിലെ ആങ്കര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു നസീം രാജ്പുതിന്റെ മറുപടി. ഇന്ത്യക്കെതിരേ മാക്‌സ്വെല്‍ ഒരിക്കലും നന്നായി പെര്‍ഫോം ചെയ്യുന്നത് തനിക്കു ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.