National

ഗുജറാത്തിലെ ചന്ദങ്കിയെന്നാല്‍ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഇന്ത്യന്‍ ഗ്രാമം

ഗാന്ധിനഗര്‍: ഒരാള്‍പോലും സ്വന്തം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഒരു ഗ്രാമമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. അതാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബെച്ചറാജി താലൂക്കിലെ ചന്ദങ്കി ഗ്രാമം. അടുപ്പെരിയാത്ത ഇന്ത്യന്‍ ഗ്രാമമെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ഒരാള്‍ പോലും വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നതാണ് വസ്തുത.

പാചകം ചെയ്യാതെ ഇവര്‍ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന ചോദ്യം സ്വാഭാവികം. എല്ലാവര്‍ക്കുമായി പൊതു അടുക്കളയില്‍നിന്നും ഭക്ഷണം നല്‍കുന്ന രീതിയാണ് ഗ്രാമം അവലംബിച്ചിരിക്കുന്നത്. പ്രതി മാസം 2,000 രൂപ മാത്രമാണ് ഇവിടുത്തെ സാമൂഹിക അടുക്കളയില്‍നിന്നുള്ള ഭക്ഷണത്തിന് ഒരാളില്‍ നിന്നും ഈടാക്കുന്നത്. ഇവര്‍ വ്യക്തിഗത അടുക്കളകള്‍ക്കുപകരം ഒരു കമ്മ്യൂണിറ്റി ഹാളില്‍ ഒത്തുകൂടി ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.

ദിനേന രണ്ടുനേരം ഭക്ഷണം വിളമ്പുന്നതാണ് രീതി. പാചകം ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി കൊണ്ട്, ഏവര്‍ക്കും രുചികരവും, പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിനുള്ളത്. ഇവിടെ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് വിളമ്പുന്നത്. ഒറ്റയ്ക്കു താമിക്കുന്ന നിരവധി ആളുകള്‍ ഉള്ള ഗ്രാമത്തിലെ ഒരു സുപ്രധാന ഒത്തുചേരല്‍ സ്ഥലമായി കമ്മ്യൂണിറ്റി ഹാള്‍ മാറിയിട്ടുണ്ട്

ഒരു ഗ്രാമം ഒരൊറ്റ അടുക്കള എന്ന ആശയം വളരെ വേഗം ജനപ്രീതി നേടുകയായിരുന്നു. ഗ്രാമവാസികള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഇവര്‍ ഭക്ഷണം വിളമ്പുന്നതിനാല്‍ അതിനായി കടകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകുന്നു.

20 വര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ ജീവിച്ചു തിരിച്ചുവന്ന സര്‍പഞ്ചായിരുന്ന പുനംഭായ് പട്ടേലാണ് ഈ സാമുദായിക ഭക്ഷണ സമ്പ്രദായത്തിന്റെ ശില്‍പി. വിദേശ വാസത്തിന് ശേഷം ഗ്രാമത്തിലേക്കു തിരിച്ചെത്തിയപ്പോഴാണ് മുതിര്‍ന്ന പൗരന്മാരുടെ ഭക്ഷണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് പുനംഭായിക്ക് ബോധ്യപ്പെടുന്നത്. ഇതിന് എന്തു പരിഹാരം കാണുമെന്ന ചിന്തയില്‍നിന്നാണ് ഏവര്‍ക്കും അനുകരണീയമായ അടുക്കള യാഥാര്‍ഥ്യമാക്കിയത്.

1,100 ആളുകളുണ്ടായിരുന്ന ചന്ദങ്കിയിലെ യുവാക്കളെല്ലാം ജോലി തേടി പട്ടണങ്ങളിലേക്ക് ചേക്കേറിയതോടെ മുതിര്‍ന്ന പൗരന്മാരും രോഗികളുമെല്ലാം ഉള്‍പ്പെടെ ഗ്രാമത്തിലെ ജനസംഖ്യ അഞ്ഞൂറോളമായി ചുരുങ്ങി. 2011 -ലെ സെന്‍സസ് പ്രകാരം, ഗ്രാമത്തില്‍ 117 പുരുഷന്മാരും, 133 സ്ത്രീകളുമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ജോലിക്കായി ഗ്രാമത്തില്‍ എത്തിയവരടക്കം ഇവിടെ 1,000 പേരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.

സാമൂഹിക അടുക്കളയിലെ പാചകക്കാരന് 11,000 രൂപയാണ് മാസ ശമ്പളം. മുതിര്‍ന്നവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഒഴിവാക്കാനും, ദൈനംദിന ജീവിതത്തെ പിന്തുണയ്ക്കാനും, ഏവര്‍ക്കും ആവശ്യമായ പോഷണം ഉറപ്പാക്കാനുമാണ് പട്ടേല്‍ ഈ സാമുദായിക ഡൈനിംഗ് പാരമ്പര്യം സ്ഥാപിച്ചത്. ഇതുവഴി ഏവരും ഒരു ദിവസം രണ്ടുനേരം ഒരിടത്ത് ഒത്തുകൂടുന്നു. ഭക്ഷണം വിളമ്പുന്നതിനൊപ്പം പരസ്പരം വാര്‍ത്തകളും, ആശയങ്ങളും കൈമാറുന്നു. ഇതു ഗ്രാമത്തെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുന്നതിനൊപ്പം ഗ്രാമീണ ജനതയുടെ ആരോഗ്യത്തെയും ഊര്‍ജസ്വലതയേയും കുറച്ചൊന്നുമല്ല സഹായിക്കുന്നത്.

Related Articles

Back to top button