National

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം? രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ

ന്യൂഡൽഹി: സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരി​ഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി.

കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ അനുകൂല നിലപാടല്ല രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണം. കേരളത്തിലെ ബിജെപിയിലെ ​​ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചതായാണ് വിവരം.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരി​ഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരി​ഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

സുരേഷ് ​ഗോപിയുടെ തൃശ്ശൂരിലെ വിജയവും സമീപകാലത്ത് മറ്റുപാർ‌ട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേയ്ക്ക് എത്തുന്നതും പരി​ഗണിച്ചാണ് നേതൃമാറ്റം കേരളത്തിൽ അനിവാര്യമാണ് എന്ന നിലപാടിലേയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം എത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!