ചേന്ദമംഗലം കൂട്ടക്കൊല: പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടെയും തലയ്ക്കടിച്ചു
ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരുക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനാണ് താൻ എത്തിയതെന്ന് പ്രതി ഋതു ജയൻ(27) പോലീസിനോട് പറഞ്ഞു. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയെത്തിയപ്പോൾ ഇവരുടെ തലയ്ക്കും അടിച്ചു
വിദേശത്തുള്ള സഹോദരനെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ(62), മകൾ(32) വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്
മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് പറവൂർ താലൂക്ക് ാശുപത്രിയിൽ നടക്കും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരിക്ക് അടിമയാണ് പ്രതിയായ ഋതു. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.