എക്‌സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവെന്ന് ചെന്നിത്തല; കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്
കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. എലപ്പള്ളി പഞ്ചായത്തിൽ ബ്രുവറിക്കെതിരെ പ്രതിഷേധധം നടത്തും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. 1999 ലെ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്ലറിയും ബ്രൂവറിയും ആരംഭിക്കാൻ ഉള്ള തീരുമാനം. നിരവധി കേസുള്ള ഓയാസിസ് കമ്പനിയെ സിപിഎം പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. സിപിഎമ്മിന്റെ കറവ പശുവാണ് എക്‌സൈസ് വകുപ്പ്.
ടെണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുക്കാത്തത് വലിയ അഴിമതിയാണ്. പാലക്കാട് കഞ്ചിക്കോട്, പുതുശ്ശേരി പ്രദേശം ജലദൗർലഭ്യമുള്ള മേഖലയാണ്. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്. മന്ത്രി രാജേഷ് തന്റെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.