മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏഴ് സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമിക്കുന്നത്. ടൗൺഷിപ്പ് നിർമിക്കുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്
മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗുണഭോക്താക്കളും ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ വില സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ കോടതി വിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടർ ഭൂമി ഏറ്റെടുത്തത്
ടൗൺഷിപ്പിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. പൊതുസ്ഥാപനങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങൾ, റോഡ്, അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര-വാണിജ്യ സൗകര്യങ്ങൾ എന്നിവ ടൗൺഷിപ്പിൽ സജ്ജമാക്കും.