നവീൻ ബാബുവിനെതിരെ ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.
ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിഎൻഎ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുമ്പ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു. പ്രശാന്തന്റേത് വ്യാജ പരാതിയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു
അതേസമയം തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തീർപ്പാക്കി. കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷൻ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.