ലഡാക്കില്‍ വീണ്ടും ചൈനീസ് പ്രകോപനം; രണ്ട് കൗണ്ടികള്‍ സ്ഥാപിച്ചു; പ്രതിഷേധവുമായി ഇന്ത്യ
അധിനിവേശം അനുവദിക്കില്ലെന്ന് ഇന്ത്യ
ലഡാക്കില്‍ പുതിയ രണ്ട് കൗണ്ടികള്‍ സ്ഥാപിച്ച് ചൈനയുടെ അധിനിവേശം. പ്രകോപനപരമായ നടപടികളുമായി ചൈന മുന്നോട്ടുപോകുന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് ഇന്ത്യ. അടുത്തിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രകോപന നടപടികള്‍ അവസാനിപ്പിച്ച് മോദിയും ഷീ ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍, സമാധാന ഉടമ്പടികള്‍ എല്ലാം ലംഘിച്ച് ലഡാക്കിലെ ഹോട്ടാന്‍ പ്രിഫെക്‌സ്ചറില്‍ കൗണ്ടികള്‍ സ്ഥാപിച്ചിരിക്കുകയാണ് ചൈനീസ് സൈന്യം.
കൗണ്ടികള്‍ സ്ഥാപിച്ച ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ഉള്‍പ്പെടുന്നതാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നല്‍കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പുതിയ കൗണ്ടികള്‍ സൃഷ്ടിക്കുന്നത് ഈ പ്രദേശത്തെ പരമാധികാരത്തെ സംബന്ധിച്ച ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാടിനെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചൈനീസ് പക്ഷത്തോട് ഞങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.