ഏറ്റുമാനൂരിലെ തട്ടുകടയിൽ സംഘർഷം; പോലീസുകാരനെ മർദിച്ചു കൊന്നു, പ്രതി പിടിയിൽ
കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പോലീസുകാരൻ മരിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദാണ്(44) മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജാണ്(27)അക്രമം നടത്തിയത്. ഇയാളെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു
പുലർച്ചെ ഒരു മണിയോടെ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിന് സമീപത്താണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാംപ്രസാദ്. ഭക്ഷണം കഴിക്കാനായി തട്ടുകടയിൽ കയറിയ ശ്യാംപ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അക്രമി സംഘത്തിന്റെ വീഡിയോ ശ്യാംപ്രസാദ് എടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്
ജിബിൻ ജോർജും സംഘവും ശ്യാംപ്രസാദിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ ശ്യാംപ്രസാദ് കുഴഞ്ഞുവീണു. ഗുരുതരമായി പരുക്കേറ്റ ശ്യാംപ്രസാദിനെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാല് മണിയോടെ മരിച്ചു.