Kerala

വിദ്യാർഥിനിയെ കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; പ്രിൻസിപ്പാളിന് സസ്‌പെൻഷൻ

തമിഴ്നാട്ടിൽ വിദ്യാർഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്‌കൂളിലെ ടോയ്ലറ്റുകൾ വൃത്തിയാക്കുന്ന പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

1 മുതൽ 8 വരെ ക്ലാസുകളിൽ നിന്നുള്ള ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 150 ഓളം കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കൽ, വെള്ളമെടുക്കൽ, സ്‌കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ഈ കുട്ടികളെക്കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്. സ്‌കൂൾ വിട്ട് പല ദിവസങ്ങളിലും കുട്ടികൾ തളർന്നാണ് വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.

സ്‌കൂളിന് പുറത്ത് രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് വിദ്യാഭ്യാസ ഓഫീസർ അതിവേഗം നടപടിയെടുത്തത്. സ്‌കൂൾ പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും വിദ്യാർഥികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!