Kerala
നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ദേശീയപാതാ തകർച്ച ചർച്ചയാകും

ദേശീയപാത നിർമാണത്തിലെ വിവാദങ്ങൾക്കിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പാതാ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിക്കും.
പിണറായിക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ഇന്നുച്ചയ്ക്കാണ് കൂടിക്കാഴ്ച. ദേശീയ പാത നിർമാണത്തിനിടെയുണ്ടായ തകർച്ചയും വിവാദങ്ങളും ചർച്ചയാകും.
ദേശീയപാതകളുടെ പുനർനിർമാണം എത്രയും വേഗം തീർക്കാൻ ദേശീയ പാതാ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായുള്ള ചർച്ചയിൽ ചീഫ് സെക്രട്ടറി എ ജയതിലക് ആവശ്യപ്പെടും. കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാർ യാദവ് കേരളത്തിലെത്തിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിർമാണ മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.