Kerala

മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് ആവശ്യമില്ല; ഏഴ് ചോദ്യങ്ങളുമായി വിഡി സതീശൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംഘ്പരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഏഴ് ചോദ്യങ്ങളും വിഡി സതീശൻ ഉന്നയിച്ചിട്ടുണ്ട്.

1. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി കണ്ടത് എന്തിന്?

2. ആർ.എസ്.എസ് നേതാക്കളുമായി മണിക്കൂറുകൾ ചർച്ച നടത്തിയത് എന്തിന്?

3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചത്?

4. ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാൻ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂർ പൂരം കലക്കിയത്?

5. പ്രതിപക്ഷത്തിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?

6. കോവളത്ത് റാം മാധവ് – എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ?

7. പത്ത് ദിവസമായി ഒരു സി.പി.എം എം.എൽ.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ?

പാർട്ടി സഖാക്കൾ ഉൾപ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രീ നിങ്ങൾ.

പിണറായി വിജയനും സി.പി.എമ്മിനും ആർ.എസ്.എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കിൽ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആർ.എസ്.എസ് നേതാക്കളെ നിരന്തരം സന്ദർശിച്ച് ചർച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്?

ആർ.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ പറഞ്ഞു

 

Related Articles

Back to top button