കോളേജിലെ കാർ പാർക്കിങുമായി ബന്ധപ്പെട്ട തർക്കം; സൂരജിന്‍റേത് ക്രൂര കൊലപാതകം; 10 പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട് ചേവായൂരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കേസിൽ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. മായനാട് സ്വദേശിയായ 20 വയസുകാരൻ സൂരജാണ് കൊലപ്പെട്ടത്. കോളേജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കേസിൽ പ്രദേശവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ച് തകർത്തു.
ഇന്നലെ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആദ്യം നാട്ടുകാർ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മർദ്ധിക്കുകയായിരുന്നു. ചാത്തമംഗലം എസ്എൻഎസ്ഇ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിയത്. കാർ പാർക്കിങ്ങിനെ ചൊല്ലി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ സൂരജ് തന്റെ സുഹൃത്തിന് വേണ്ടി ഇടപെട്ടിരുന്നു. ഇതിൽ എതിർ ഭാഗത്തിന് സൂരജിനോട് എതിർപ്പ് ഉണ്ടായിരുന്നു. ഇന്നലെ ഉത്സവ പറമ്പിൽ സൂരജിനെ കണ്ട് വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ 18 പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് എസ്എൻഎസ്ഇ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അതിനിടെ സൂരജിന്റെ മരണ വിവരം അറിഞ്ഞു സംഘടിച്ചെത്തിയവർ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. വീടിൻ്റെ വാതിൽ ചില്ലുകൾ തകർത്തു. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന കാറും ബൈക്കും അടിച്ചുതകർത്തിട്ടുണ്ട്. പുലർചെയ്‌യായിരുന്നു ആക്രമണം.