പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദിവ്യയുടേത് പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ്. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല. നവീൻ ബാബുവിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടെന്ന സമ്മേളനത്തിലെ വിലയിരുത്തലിലും മുഖ്യമന്ത്രി പ്രതികരിച്ചു. പൗരത്വഭേദഗതി, പലസ്തീൻ വിഷയങ്ങളിലെ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് ഗൗരവത്തിൽ പരിശോധിക്കണം. പാർട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമാപന സമ്മേളനം തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.