തരൂരിൻ്റെ പ്രസ്ഥാവന കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണം; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗുണം ചെയ്യില്ല: മുസ്‌ലിം ലീഗ്

തരൂർ വിവാദം, കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോൺഗ്രസിന്റെ നേതൃനിരയിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് നേതൃത്വം നൽകേണ്ടത്. പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂരിന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം നേതാക്കൾ രംഗത്തെത്തി. ശശി തരൂരിന്റെ കോൺഗ്രസിനെക്കുറിച്ചുള്ള അഭിപ്രായം എൽഡിഎഫും സിപിഐഎമ്മും ആവർത്തിക്കുന്ന കാര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ. അദ്ദേഹത്തെ അവഗണിക്കേണ്ടെതില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
തരൂർ അഭിപ്രായസ്ഥിരതയുള്ളയാളാണെന്നും കേരളത്തിലെ വ്യവസായ മേഖലയെ കുറിച്ച് തരൂർ പറഞ്ഞത് വസ്തുതയെന്നും സിപിഐഎം കേന്ദ്രം കമ്മിറ്റിയംഗം ഇ.പി ജയരാജനും പ്രതികരിച്ചു.അതേസമയം, തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതായും തെറ്റിദ്ധാരണ പരത്തുന്നുതായും എഐസിസി വ്യക്തമാക്കി.