നിരന്തരം മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ

ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. 2022ൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോർജ് നിരന്തരം ലംഘിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പി സി ജോർജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പോലീസും അറിയിച്ചു. സർക്കാരിന്റെ ഹർജിയിൽ പി സി ജോർജിന് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ വാർഷിക ദിനത്തിൽ ഇടുക്കിയിൽ പി സി ജോർജ് വീണ്ടും മതവിദ്വേഷ പരാമർശം നടത്തിയിരുന്നു. കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചായിരുന്നു അന്ന് അദ്ദേഹം വിദ്വേഷ പരാമർശം നടത്തിയത്.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചിൽ പാകിസ്ഥാന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയിൽ തീർത്തോളാമെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.