Kerala
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; മരിച്ചത് മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭർത്താവും

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ഇന്നലെ വൈകുന്നേരമാണ് സംഭവം.
മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയാണ് ശ്രീലേഖ. ഇതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി ഇവരുടെ മകൾ വിദേശത്ത് നിന്ന് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന് മുമ്പായിട്ടാണ് മരണം സംഭവിച്ചത്
ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപം ചുറ്റികയും കണ്ടെത്തി. പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിന്നിൽ പൊട്ടലേറ്റതായും കണ്ടെത്തിയിട്ടുണ്ട്.