സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു

സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. അർബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ പി രാജുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
കരിമണൽ ഖനന വിഷയത്തിൽ പി രാജു പാർട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനം ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. പാർട്ടിയുടെ പ്രഖ്യാപന നിലപാടിന് വിരുദ്ധമായ കാഴ്ചപ്പാടാണ് ലേഖനത്തിലുള്ളതെന്നായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെ പി രാജുവിനെ സംസ്ഥാന കൗൺസിലിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു.