മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി; ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ. ഇസ്മായിലിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി.
പി രാജുവിനെതിരെ സാമ്പത്തിക ക്രമക്കേട് ഉയരുകയും ഇത് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിക്കുകയും ചെയ്തിരുന്നു. 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷൻ കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ ഇസ്മായിൽ രംഗത്തുവന്നിരുന്നു
പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് പി രാജുവിന് മാനസിക സമ്മർദമുണ്ടാക്കിയെന്നും അത് തന്നോട് തുറന്ന് പറഞ്ഞിരുന്നുവെന്നും ഇസ്മായിൽ പറഞ്ഞു. ചില വ്യക്തികൾ അദ്ദേഹത്തെ ലക്ഷ്യം വെക്കുകയായിരുന്നുവെന്നും ഇസ്മായിൽ തുറന്നടിച്ചിരുന്നു. ഈ പരാമർശങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എറണാകുളം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.