തൃശ്ശൂർ മേയർക്കെതിരെ സിപിഐ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും: കെ മുരളീധരൻ
തൃശ്ശൂർ മേയർക്കെതിരായ വിഎസ് സുനിൽ കുമാറിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറ് എന്താണെന്ന് വ്യക്തമായതാണ്. സിപിഐ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു
തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്തു പിടിച്ചിരുത്തി പ്രഗത്ഭനായ പാർലമെന്റേറിയനെന്ന് പറഞ്ഞയാളാണ് തൃശ്ശൂർ മേയർ എംകെ വർഗീസെന്നും മുരളീധരൻ പറഞ്ഞു. ക്രിസ്മസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എംകെ വർഗീസിന്റെ വീട്ടിലെത്തി കേക്ക് നൽകിയതിനെ കുറിച്ചായിരുന്നു സുനിൽ കുമാറിന്റെ വിമർശനം
തൃശ്ശൂർ മേയറുടെ ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയത്തോടോ ഒരു കൂറുമില്ലാത്തയാളാണ് തൃശ്ശൂർ മേയർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചയാളാണ് മേയർ എന്നും സുനിൽ കുമാർ വിമർശിച്ചിരുന്നു.