ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം പറയുന്നത്; അങ്ങനെ തന്നെ വിശ്വസിക്കട്ടെയെന്ന് സതീശൻ
ഉപതെരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയമാണ് യുഡിഎഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടർമാർക്ക് നന്ദി അറിയിക്കുന്നു. ഷാഫി പറമ്പിൽ 2021ൽ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. ചേലക്കരയിൽ 2021ൽ എൽഡിഎഫിന് കിട്ടിയ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും 28,000 വോട്ട് കുറയ്ക്കാൻ സാധിച്ചെന്നും സതീശൻ പറഞ്ഞു
മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിരവധി ഉപതെരഞ്ഞെടുപ്പുകൾ നടന്നു. തൃക്കാക്കരയിൽ പിടി തോമസ് വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മനും വിജയിച്ചു. ചേലക്കരയിൽ ഭൂരിപക്ഷത്തിൽ 28,000 വോട്ടിന്റെ കുറവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയൻ തിളങ്ങി നിൽക്കുന്നു എന്നാണ്.
ഇത്രയും വലിയ തോൽവി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നിൽക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം അവകാശപ്പെടുന്നത്. അങ്ങനെ തന്നെ വിശ്വസിച്ചാൽ മതി. കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാതെ ബിജെപിയും സീറ്റ് അന്വേഷിച്ച പോയ ആളെ സ്ഥാനാർഥി ആക്കിയതിലൂടെ രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാനുള്ള അവകാശമാണ് സിപിഎം നഷ്ടപ്പെടുത്തിയതെന്നും സതീശൻ പറഞ്ഞു