Kerala
ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്
ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ്. നടിയുടെ പരാതിയിൽ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ എറണാകുളം കുമ്പളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള നീക്കമാണ് നടക്കുന്നത്. വ്യാജ ഐഡിയിലുള്ളവരുടെയും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ കണ്ടെത്താനാണ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതുതായി അധിക്ഷേപ കമന്റുകൾ വന്നാൽ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കു വേണ്ടിയും താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഹണി റോസ് ഇന്നലെ പറഞ്ഞിരുന്നു.