അപകടകരമായ ഡ്രൈവിങ്: ആഢംബര വാഹനങ്ങള്‍ ലേലം ചെയ്യും
വില കൂടിയ ആഢംബര കാറുകളാണെങ്കില്‍ അവ പൊടിക്കില്ല. പകരം അവ ലേലത്തില്‍ വില്‍പ്പന നടത്തും
കുവൈത്ത് സിറ്റി: കുറ്റകരവും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ ഇടിച്ചു തവിടുപൊടിയാക്കുന്നതാണ് കുവൈത്തിലെ രീതി. എന്നാല്‍ ആ രീതിയൊന്നു പരിഷ്‌കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വില കൂടിയ ആഢംബര കാറുകളാണെങ്കില്‍ അവ പൊടിക്കില്ല. പകരം അവ ലേലത്തില്‍ വില്‍പ്പന നടത്തും. ഈ തുക രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ് തീരുമാനത്തെ സ്വധീനിച്ചത്.
40,000 കുവൈറ്റ് ദിനാറോ (ഏകദേശം 1,09,65,609 ഇന്ത്യന്‍ രൂപ) അതിനു മുകളിലോ വിലയുള്ള ആഢംബര വാഹനങ്ങളാണ് അശ്രദ്ധമായ ഡ്രൈവിംഗിന്റെ പേരില്‍ പിടിക്കപ്പെടുന്നതെങ്കില്‍ അവ തകര്‍ക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാ വ്യക്തമാക്കി. പകരം അവ ലേലത്തില്‍ വില്‍ക്കും.
40,000 ദിനാറില്‍ കുറഞ്ഞ എല്ലാ കാറുകളും നിലവിലുള്ള നിയമപ്രകാരം തകര്‍ത്ത് പൊടിയാക്കി മാറ്റുകയെന്ന നിലവിലെ ശിക്ഷാ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് ആഭ്യന്തര മന്ത്രാലയം അശ്രദ്ധമായി ഡ്രൈവര്‍മാരില്‍ നിന്ന് കണ്ടുകെട്ടിയ കാറുകള്‍ തകര്‍ക്കുന്ന കാമ്പെയിനിന് തുടക്കമിട്ടത്. അപകടകരമായ ഡ്രൈവിംഗിനെതിരേ ശക്തമായ സന്ദേശം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കുവൈത്ത് ഭരണകൂടം കാമ്പെയിന്‍ ആരംഭിച്ചത്.