ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം; ശൈഖ ലത്തീഫ യുഎഇ സംഘത്തെ നയിക്കും
ദുബൈ: സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന 55ാമത് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്ട്്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നയിക്കും. എഴുപതില്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രനേതാക്കളും പ്രമുഖ വ്യവസായികളും സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരുമെല്ലാം പങ്കെടുക്കുന്ന ഫോറത്തിനാണ് ലോവോസില്‍ ഇന്നലെ തുടക്കമായിരിക്കുന്നത്. 24 വരെനീളുന്ന ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം വിശിഷ്ട വ്യക്തിത്വങ്ങളാണ് പങ്കെടുക്കുന്നത്.
യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. ഭൗമ-രാഷ്ട്രീയ വെല്ലുവിളികള്‍, ഊര്‍ജ രംഗത്തെ സഹകരണം, ബൗദ്ധികയുഗത്തിനായുള്ള സഹകരണം എന്ന പ്രമേയത്തില്‍ എഐ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ തുടങ്ങിയ ധാരാളം വിഷയങ്ങള്‍ വേള്‍ഡ് ഇക്കണോമിക് ഫോറം ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.