GulfUAE

കട ബാധ്യതയുള്ളവര്‍ ഷാര്‍ജയില്‍ ഇനി ജയിലിലാവില്ല

ഷാര്‍ജ: വാണിജ്യ, സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് ബാധ്യത വരുത്തിയവര്‍ക്ക് തടവ് ശിക്ഷ നല്‍കുന്നത് ഷാര്‍ജ അവസാനിപ്പിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പണമടക്കാന്‍ സാധിക്കാതെ വരുന്ന ഘട്ടത്തില്‍ മൂന്നുവര്‍ഷം വരെ തടവ് വിധിച്ചിരുന്ന സമ്പ്രദായമാണ് പുതിയ നിയമത്തിന്റെ ബലത്തില്‍ ഇല്ലാതായിരിക്കുന്നത്. ദുബായിലും ഇത്തരം കേസുകളില്‍ തടവ് വിധിക്കുന്നത് നേരത്തെ പിന്‍വലിച്ചിരുന്നു.

എന്നാല്‍ ബാധ്യത തീര്‍ക്കാനുള്ള പണം ഉണ്ടായിട്ടും അതിനു തുനിയാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തടവ് തുടരും. ബാധ്യത തീര്‍ക്കാന്‍ സ്വന്തമായി ആസ്തിയുള്ള ആളാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന കേസുകളിലാവും തടവും വിധിക്കുക. ഇത്തരം കേസുകളില്‍ കട ബാധ്യതയുള്ള ആളുടെ അക്കൗണ്ടിലുള്ള പണവും ഉടമസ്ഥതയിലുള്ള വസ്തുവും കെട്ടിടവും വാഹനവുമെല്ലാം കണ്ടുകെട്ടാനും കോടതി നടപടി സ്വീകരിക്കും.

അതേസമയം എമിറേറ്റില്‍ കട ബാധ്യത വരുത്തിയവര്‍ക്കുള്ള യാത്രാ വിലക്ക് തുടരും. ബാധ്യത വരുത്തിയവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്ന് ചുരുക്കം ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പണമില്ലാത്തതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ നിയമത്തിലൂടെ മോചിതരാവാന്‍ അവസരമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വെളിപ്പെടുത്തി. ഏറെ മനുഷ്യത്വപരമായതും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിയമ നിര്‍മ്മാണമാണ് ഷാര്‍ജ ഭരണകൂടം നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ജുഡീഷ്യല്‍ കൗണ്‍സിലാണ് കടബാധ്യതയുള്ളവര്‍ക്ക് തടവ് ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!