തോൽവിയോ സമനിലയോ, ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്: പ്രതീക്ഷ ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ടിൽ
മെൽബൺ ടെസ്റ്റിൽ സമനിലക്കായി ഇന്ത്യ പൊരുതുന്നു. അവസാന ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 234 റൺസിന് ഓൾ ഔട്ടായിരുന്നു. 340 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്ക് മുന്നിൽ വെച്ചത്.
ജയമെന്ന സാധ്യത പോലും നോക്കാതെ സമനിലയിലേക്കായിരുന്നു ഇന്ത്യ ബാറ്റേന്തിയത്. അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിംഗ് തന്നെയാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യക്ക് വെല്ലുവിളിയായതും. 40 പന്തിൽ 9 റൺസ് എടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇതേ ഓവറിൽ തന്നെ കെഎൽ രാഹുൽ പൂജ്യത്തിനും വീണതോടെ ഇന്ത്യ 2ന് 25 റൺസ് എന്ന നിലയിലായി
29 പന്തിൽ 5 റൺസെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റാണ് പിന്നീട് വീണത്. ഇതോടെ 3ന് 33 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യ ചായക്ക് മുമ്പ് തന്നെ തോൽവിയിലേക്ക് എത്തുമെന്ന ആശങ്കയിലായി. എന്നാൽ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് വീണ്ടും സമനില പ്രതീക്ഷ നൽകുകയാണ്. ചായക്ക് പിരിയുമ്പോൾ 159 പന്തിൽ 63 റൺസുമായി ജയ്‌സ്വാളും 93 പന്തിൽ 28 റൺസുമായി പന്തും ക്രീസിലുണ്ട്
ഓസീസ് സ്‌കോറിനേക്കാൾ 228 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. 38 ഓവർ കൂടിയാണ് മെൽബൺ ടെസ്റ്റിൽ ഇനി ബാക്കിയുള്ളത്. വിജയമെന്നത് വിദൂര സാധ്യത മാത്രമാണ്. ക്ഷമയോടെ പിടിച്ചുനിന്ന് തോൽവി ഒഴിവാക്കാൻ തന്നെയാകും ഇന്ത്യയുടെ തീരുമാനവും. 228ന് 9 വിക്കറ്റ് എന്ന നിലയിലാണ് അഞ്ചാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് പുനരാരംഭിച്ചത്. 6 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ആഥിതേയർക്ക് സാധിച്ചുള്ളു. 41 റൺസെടുത്ത നഥാൻ ലിയോണെ ബുമ്ര പുറത്താക്കി. ഇന്ത്യക്കായി ബുമ്ര 5 വിക്കറ്റും സിറാജ് മൂന്നും ജഡേജ ഒരു വിക്കറ്റുമെടുത്തു.