27 വർഷത്തിന് ശേഷം താമരക്കുമ്പിളിൽ ഡൽഹി; രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഷിഷ് സൂദ്, മജീന്ദർ സിങ് സിർസ, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദ്ര ഇന്ദ്രാജ് സിങ്ങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ്ങ് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി. ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു രേഖയുടെ മുൻഗാമികളായി അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, എഎപി എംപി സ്വാതി മലിവാൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെയത്തിയിരുന്നു.