ഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം; 285 ലിങ്കുകൾ നീക്കം ചെയ്യാൻ എക്സിന് നിർദേശം

ന്യൂഡൽഹി: ഡൽഹി റയിൽവേ സ്റ്റേഷൻ ദുരന്തവുമായി (railway station stampede) ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് റയിൽവേ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകൾ എക്സിൽ നിന്ന് നീക്കം ചെയ്യാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളിൽ തന്നെ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17 നാണ് മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചത്. സർക്കാർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ട്വീറ്റുകളിൽ പ്രമുഖ വാർത്താ ഏജൻസികളിൽ നിന്നുള്ള ചില ട്വീറ്റുകളും ഉൾപ്പെടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ റയിൽവേയുടെ അനാസ്ഥ ചർച്ചചെയ്യപ്പെടുന്ന ചില ഉള്ളടക്കമാണ് മന്ത്രാലയം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ന്യൂ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ച 18 പേരിൽ ഒമ്പത് സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്നാണ് ഡൽഹി സ്റ്റേഷനിൽ തിരക്കുണ്ടായത്.
കുംഭമേളയിൽ പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകളാണ് സ്റ്റേഷനിൽ എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ഇതിൽ ഉൾപ്പെടുന്നു. പ്ലാറ്റ്‍ഫോമിലെ തിരക്കിനിടെ ട്രെയിനിൽ കയറാൻ യാത്രക്കാർ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആദ്യമെത്തിയ ട്രെയിനിലേക്ക് ആളുകൾ കൂട്ടത്തോടെ കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. റെയിൽവെ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.