Sports

റൊണാള്‍ഡോയുടെ സ്ഥിരം രീതി; മനപ്പൂര്‍വ്വം ഡൈവ് ചെയ്യും: തുറന്നടിച്ച മെസ്സിയുടെ ടീമംഗം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റനും അഞ്ചു തവണ ബാലണ്‍ ഡിയോര്‍ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫയുടെ ലോക കിരീടമൊഴികെ ഒരു ഫുട്‌ബോളറെ സംബന്ധിച്ച് കരിയറില്‍ സ്വന്തമാക്കാവുന്നതെല്ലാം അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ത്തു കഴിഞ്ഞു.

40ാം വയസ്സിലേക്കു കടക്കാനിരിക്കുമ്പോഴും പ്രായത്തെ തോല്‍പ്പിച്ച് ഫുട്‌ബോളില്‍ കസറുകയാണ് റോണോ. എന്നാല്‍ മുന്‍ സ്പാനിഷ് ഡിഫന്‍ഡറും ബാഴ്‌സലോണ താരവുമായിരുന്ന ജെറാര്‍ഡ് പിക്വെ ഒരിക്കല്‍ റൊണാള്‍ഡോയ്‌ക്കെതിരേ ഗുരുതരമായ ഒരു ആരോപണമുന്നയിച്ചിരുന്നു.

കളിക്കളത്തില്‍ മനപ്പൂര്‍വ്വം ഡൈവ് ചെയ്യുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ടെന്നായിരുന്നു ലയണല്‍ മെസ്സിയുടെ മുന്‍ ടീമംഗം കൂടിയായിരുന്ന പിക്വെയുടെ വിമര്‍ശനം. 2018ലെ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനു മുഖാമുഖം വന്നിരുന്നു. ആറു ഗോളുകള്‍ പിറന്ന ഈ ത്രില്ലര്‍ 3-3നു അവസാനിക്കുകയും ചെയ്തു. ഈ കളിയില്‍ ആദ്യം മുന്നിലെത്തിയത് പറങ്കിപ്പടയായിരുന്നു.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോയെ സ്പാനിഷ് താരം നാച്ചോ ഫെര്‍ണാണ്ടസ് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിനു പെനല്‍റ്റി ലഭിച്ചു. റൊണാള്‍ഡോ ഈ പെനല്‍റ്റി ഗോളാക്കുകയും ചെയ്തിരുന്നു. 24ാം മിനിറ്റില്‍ ഡേവിഡ് കോസ്റ്റയിലൂടെ സ്‌പെയിന്‍ ഒപ്പമെത്തിയെങ്കിലും 44ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ 2-1നു ലീഡ് തിരിച്ചുപിടിച്ചു.

55ാം മിനിറ്റില്‍ കോസ്റ്റ വീണ്ടും സ്‌പെയിനിനെ ഒപ്പമെത്തിച്ചു. 58ാം മിനിറ്റില്‍ നാച്ചോയുടെ ഗോളില്‍ അവര്‍ 3-2ന് മുന്നിലും കടന്നു. എന്നാല്‍ 88ാം മിനറ്റില്‍ റൊണാള്‍ഡോ ഹാട്രിക്ക് കണ്ടെത്തിയതോടെ പോര്‍ച്ചുഗല്‍ 3-3ന്റെ ത്രസിപ്പിക്കുന്ന സമനിലയും സ്വന്തമാക്കി. ഈ മല്‍സരശേഷമായിരുന്നു റൊണാള്‍ഡോയ്‌ക്കെതിരേ പിക്വെയുടെ വിമര്‍ശനം.

പിക്വെ പറഞ്ഞതെന്ത്?

പോര്‍ച്ചുഗലുമായുള്ള ഈ മല്‍സരത്തില്‍ ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. അവരുടെ മുന്നു ഷോട്ടുകള്‍ മാത്രമേ ഗോളിലേക്കുണ്ടായിരുന്നുള്ളൂ. ഇവയെല്ലാം ഗോളായി മാറുകയും ചെയ്തു. മല്‍സരങ്ങള്‍ ചില പ്രത്യേക രീതിയിലായിരിക്കും പോവുന്നത്, നിങ്ങള്‍ക്കു അതിനെ നേരിട്ടേ തീരുകയുള്ളൂ.

ലോകകപ്പിലെ ആദ്യ കളിയില്‍, അതും രണ്ടാം മിനിറ്റില്‍ തന്നെ പെനല്‍റ്റി ഗോളില്‍ പിന്നിലായതിനു ശേഷം ഗെയിം എങ്ങനെയാണ് മുന്നോട്ടു പോയതെന്നു നിങ്ങള്‍ക്കു ഒരു ധാരണയുണ്ടായിരിക്കും. ഗ്രൗണ്ടിലേക്കു മനപ്പൂര്‍വ്വം വീഴുകയെന്ന ശീലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുണ്ടെന്നും ജെറാര്‍ഡ് പിക്വെ തുറന്നടിക്കുകയായിരുന്നു.

പക്ഷെ ഈ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനു അധികദൂരം മുന്നോട്ടു പോവാന്‍ സാധിച്ചില്ല. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. ഉറുഗ്വേയാണ് ടൂര്‍ണമെന്റില്‍ പറങ്കിപ്പടയുടെ കുതിപ്പ് അവസാനിപ്പിച്ചത്.

ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്കും ഈ ലോകകപ്പ് മികച്ചതായിരുന്നില്ല. അവരും പ്രീക്വാര്‍ട്ടറില്‍ തന്നെയാണ് വീണത്. ഏഴു ഗോളുകള്‍ കണ്ട ത്രില്ലറില്‍ 4-3ന് ഫ്രാന്‍സാണ് അര്‍ജന്റീനയ്ക്കു മടക്ക ടിക്കറ്റ് നല്‍കിയത്.

Related Articles

Back to top button
error: Content is protected !!