
യമനിലെ ഹൂതികള്‍ക്ക് നേരെ യുഎസ് യുദ്ധത്തിനുള്ള തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ യുഎസിന്റെ വ്യോമാക്രണം ഇനി ഏത് ദിശയിലേക്ക് നീങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചെങ്കടലില്‍ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതാണ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹൂതികള്‍ ഏതുതരത്തിലായിരിക്കും അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ പോകുന്നത് എന്ന കാര്യമാണ് ലോകം ഇപ്പോള്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്.
ഗസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന അധിനിവേശത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടാണ് യമനിലെ വിമതസംഘമായ ഹൂതികള്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. യമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍ 2023 ഒക്ടോബര്‍ മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രായേല്‍ ബന്ധമുള്ള വാണിജ്യ കപ്പലുകളെയെല്ലാം ആക്രമിക്കുന്നുണ്ട്. നവംബര്‍ 19 മുതല്‍ നിരവധി കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചത്. ഹൂതികളുടെ ആക്രമണം എണ്ണ വില വര്‍ധിക്കുന്നതിന് ഉള്‍പ്പെടെ കാരണമായി.
ആരാണ് ഹൂതികള്‍
അറേബ്യന്‍ പെനിന്‍സുലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മതപരമായ വൈവിധ്യങ്ങള്‍ ഉള്ള രാജ്യമാണ് യമന്‍. ജനസംഖ്യയില്‍ കൂടുതലുള്ള മുസ്ലിങ്ങളാണ്. സുന്നി, ഷിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൂടുതലും. അന്‍സാര്‍ അല്ലാഹു എന്നാണ് ഹൂതി പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. ഇത് യമന്റെ വടക്കന്‍ ഭാഗങ്ങളിലാണ് ഉദയം കൊണ്ടത്. യമനിലെ ഷിയ ഗോത്ര വിഭാഗമാണ് ഹൂതികള്‍. സൗദി അറേബ്യയുടെ അതിര്‍ത്തിയിലെ ഗോത്ര മേഖലകളിലാണ് ഹൂതികളുടെ പ്രവര്‍ത്തനം. അതിനാലാണ് സൗദി യമനില്‍ സൈനിക നീക്കം നടത്തുന്നത്. 1990ല്‍ ഹുസൈന്‍ ബദ്രിദ്ദീന്‍ അല്‍ ഹൂതിയാണ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്.
സെയ്ദി ഷിയാ വിഭാഗങ്ങള്‍ നേരിട്ടിരുന്ന അടിച്ചമര്‍ത്തലിനെയും വിവേചനങ്ങളെയും പ്രതിരോധിക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. യമന്റെ അധികാരം കൈവശം വെച്ചിരുന്നത് ഷിയ വിഭാഗക്കാര്‍ ആയിരുന്നുവെങ്കിലും അവരുടെ സ്വാധീനം കാലക്രമേണ കുറഞ്ഞ് വരികയായിരുന്നു.
2000 ത്തിന്റെ തുടക്കത്തോടെയാണ് സൗദി അറേബ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ യമന്‍ സര്‍ക്കാര്‍ ഹൂതികളെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് 2014ല്‍ യമന്‍ തലസ്ഥാനമായ സനയുടെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തു. ഇതിന് പിന്നാലെ രാജ്യത്തൊന്നാകെ സ്വാധീനം ഉണ്ടാക്കാനും ഹൂതികള്‍ക്ക് സാധിച്ചു.
യമന്‍ സര്‍ക്കാര്‍, ഹൂതി വിമതര്‍, പ്രാദേശിക ശക്തികള്‍ എന്നിങ്ങനെ ചേരിതിരിഞ്ഞ ആക്രമണമാണ് പിന്നീട് നടന്നത്. ഇതോടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി സൗദി വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ വ്യാപകമായ കുടിയൊഴിപ്പിക്കല്‍, ഭക്ഷ്യക്ഷാനം, ആരോഗ്യമേഖലയെ മോശമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലേക്കാണ് നയിച്ചത്.
സൗദിയുടെ പിന്തുണയോടെ അലി അബ്ദുല്ല സാലിഹ് നടത്തിയിരുന്ന ഭരണത്തില്‍ മടുത്ത ഷിയ യമനികള്‍ ക്രമേണ ഹൂതികളെ പിന്തുണച്ച് തുടങ്ങുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2012ല്‍ സാലിഹ് രാജിവെച്ചു. എന്നാല്‍ 2014ല്‍ സാലിഹുമായി സഖ്യം ചേര്‍ന്ന ഹൂതികള്‍ അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സന പിടിച്ചെടുത്തത്. ശേഷം പുതിയ പ്രസിഡന്റായ അബദുറബ്ബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കുകയും ചെയ്തു.
സ്ഥാനം നഷ്ടപ്പെട്ട ഹാദി സൗദി അറേബ്യയിലെയും യുഎഇയിലെയും സഖ്യകക്ഷികളോട് ഹൂതികളെ തുരത്താന്‍ സൈനിക സഹായം ആവശ്യപ്പെട്ടു. ഇത് നയിച്ചത് ആഭ്യന്തരയുദ്ധത്തിലേക്കാണ്. 2021ന്റെ അവസാനത്തോടെ ഏകദേശം 377,000 പേര്‍ മരിക്കുകയും 4 ദശലക്ഷം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. ആ യുദ്ധത്തില്‍ ഹൂതികള്‍ വിജയിച്ചു.
ഇറാനുമായുള്ള ഹൂതികളുടെ ബന്ധം
ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ പ്രാദേശിക സായുധ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ്. സൗദി അറേബ്യയുമായി കാലങ്ങളായുള്ള ശത്രുത തന്നെയാണ് ഹൂത്തികള്‍ക്ക് കരുത്ത് പകരാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും ഹൂതികളെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെങ്കടലില്‍ സംഘര്‍ഷമെന്തിന്
സൂയസ് കനാലിന് തെക്ക് ഭാഗത്തായാണ് ചെങ്കടല്‍ സ്ഥിതി ചെയ്യുന്ത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ പാത കൂടിയാണിത്. ലോക വ്യാപാരത്തിന്റെ 12 ശതമാനവും കടന്നുപോകുന്നതും ഇതുവഴി തന്നെ. ഗസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂതികള്‍ ആരംഭിച്ചു.
എന്നാല്‍ അവയെ തടയാന്‍ യുഎസിനും ഇസ്രായേലിനും സാധിച്ചു. ഹൂതികളുടെ ആക്രമണം കാരണം പല ഷിപ്പിങ് കമ്പനികളും ചെങ്കടല്‍ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. ഇസ്രായേലുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളതായി സംശയിക്കുന്ന എല്ലാ കപ്പലുകളും ഹൂതി ആക്രമിച്ചിരുന്നു.