ബുദ്ധിമുട്ടേറിയ തീരുമാനം; എങ്കിലും രാജിവയ്ക്കുന്നു: അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദൻ
താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജൂണിലാണ് ഉണ്ണി അമ്മയുടെ ട്രഷററായത്. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ചുമതലകളില്‍ പരമാവധി നല്‍കിയിട്ടുണ്ടെന്നും, പിന്‍ഗാമിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും ഉണ്ണി പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും താരം പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ്
”ഏറെ ആലോചനകള്‍ക്ക് ശേഷം അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നതിനുള്ള ബുദ്ധിമുട്ടേറിയ തീരുമാനമെടുത്തു. ട്രഷററായുള്ള കാലയളവ് ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. അത് ആവേശകരമായിരുന്നു. എന്നാല്‍ സമീപ മാസങ്ങളില്‍ എന്റെ ജോലിയുമായി പ്രത്യേകിച്ചും മാര്‍ക്കോയും മറ്റ് നിര്‍മ്മാണ പ്രതിബദ്ധതകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വര്‍ധിച്ചു. ഇത് എന്റെ മെന്റല്‍ ഹെല്‍ത്തിനെയും ബാധിച്ചു.
പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും സന്തുലിതമായി കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. എന്റെയും, കുടുംബത്തിന്റെയും മികച്ചതിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പിന്നാക്കം പോകേണ്ടതിന്റെ പ്രധാന്യം മനസിലാക്കുന്നു. നിലവിലെ ചുമതലകളില്‍ എന്റെ പരമാവധി ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ എന്റെ കടമകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു.
വളരെ ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നാല്‍, പുതിയ അംഗത്തെ നിയമിക്കുന്നത് വരെയും, സുഗമമായ ചുമതലമാറ്റം ഉറപ്പാക്കാനും ഞാന്‍ തല്‍സ്ഥാനത്ത് തുടരും. എന്റെ കാലയളവില്‍ ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്. ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. മനസ്സിലാക്കിയതിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി”
അതേസമയം, സമീപകാലത്ത് ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായി മാര്‍ക്കോ മാറുകയാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം സൂപ്പര്‍ഹിറ്റാണ്. മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് 10 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ട്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചു. ഉണ്ണിയുടെ കരിയറില്‍ മാര്‍ക്കോ വഴിത്തിരിവാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിങ് നിർവഹിച്ചത്. രവി ബസ്രൂർ ആണ് ഗാനങ്ങൾ ഒരുക്കിയത്.
ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും, ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്‍ഫോമുമായും ഒരു കരാറിലും തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ വിശദീകരണം.