പീഡനക്കേസില്‍ മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
എറണാകുളം: എം മുകേഷ് എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം വിചരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആലുവ സ്വദേശിയായ നടിയായിരുന്നു മുകേഷിനെതിരെ പരസ്യമായി ആരോപണമുന്നയിക്കുകയും കൊച്ചി പൊലീസിൽ പരാതി നൽകുകയും ചെയ്‌തത്.
മരട് പൊലീസായിരുന്നു മുകേഷിനെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് എസ്.പി ജി. പൂങ്കുഴുലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു, അന്വേഷണം പൂർത്തിയാക്കിയതോടെയാണ് ഇപ്പോള്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ പരമർശങ്ങൾ.
പ്രതിക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വാട്ട്‌സാപ്പ് ചാറ്റുകൾ, ഇ-മെയിൽ സന്ദേശങ്ങൾ, സാഹചര്യതെളിവുകൾ, സാക്ഷി മൊഴികൾ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ഹൈക്കോടതി ഈ കേസിൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു ആരോപണങ്ങളെ മുകേഷ് നേരിട്ടത്. പീഡനം നടന്നുവെന്ന് ആരോപണമുന്നയിച്ച തീയതിക്ക് ശേഷവും നടി പണമാവശ്യപ്പെട്ട വാട്ട്‌സാപ്പ് ചാറ്റുകളും മുകേഷ് ഹാജരാക്കിയിരുന്നു.
വർഷങ്ങൾക്കു ശേഷം പരാതിക്കാറി ആരോപണമുന്നയിക്കുന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും മുകേഷ് വാദിച്ചിരുന്നു. ഇതോടെയായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതേ തുടർന്ന് മുകേഷ് എം എൽ എ സ്ഥാനത്ത് തുടരട്ടെയെന്ന തീരുമാനം സിപിഎം എടുത്തിരുന്നു. എന്നാൽ കുറ്റപത്രത്തിലെ പരാമർശങ്ങൾ മുകേഷിനെതിരായ സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നു വരാനുള്ള സാധ്യതയും ഏറെയാണ്. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നേക്കും.