കോഴിക്കോട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ബിരുദം പഠിക്കുന്ന കുട്ടികളാണ്. എന്നാല്‍ അവരിപ്പോള്‍ സ്വന്തമായി കമ്പനികള്‍ ഉണ്ടാക്കാനുള്ള തിരക്കിലാണ്. ആ കമ്പനികളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ക്രാഫ്റ്റും മുതല്‍ അച്ചാറും സോപ്പ് കമ്പനികളും വരെ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ കമ്പനികള്‍ക്കും കുത്തക കമ്പനികളോട് പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമായ വ്യത്യസ്തമായ ഐഡിയകള്‍ ഉണ്ട്. ബിസിനസ്സ് സ്ട്രാറ്റജിയുമുണ്ട്.
വിവിധ ഉത്പന്നങ്ങളുടെ കമ്പനികള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നത് മാവൂര്‍ മഹ്‌ളറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളാണ്. നാലുവര്‍ഷ ഡിഗ്രി പഠനത്തിന്റ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച മൈനര്‍ കോഴ്‌സിന്റെ സിലബസില്‍ വ്യത്യസ്ത പാഠ ഭാഗങ്ങള്‍ ഉള്‍പ്പെടുതിയിയിരിക്കുകയാണ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്. ഓപ്പണ്‍ മോഡ്യൂളിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളും സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ആശയം. ഈ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മുഴുവന്‍ വിദ്യാര്‍ഥികളും വിവിധങ്ങളായ സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
കേക്ക് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, എംബ്രോയിഡറി വര്‍ക്കുകള്‍, ക്ലോക്ക് നിര്‍മ്മാണം, ക്രാഫ്റ്റ് വര്‍ക്കുകള്‍, അച്ചാര്‍ നിര്‍മ്മാണം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങള്‍ ആരംഭിക്കുകയും ആദ്യ ഉത്പന്നത്തിന്റെ പ്രദര്‍ശനം കോളേജില്‍ നടത്തുകയും ചെയ്തു. ആദ്യം ഉല്‍പ്പന്നങ്ങള്‍ കോളേജിലെ വിവിധ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ വില്പന നടത്തുകയും ചെയ്തു. സംരംഭക ക്ലബ്ബുമായി യോജിച്ചുകൊണ്ട് സ്വന്തം ബിസിനസിനെ ശക്തിപ്പെടുത്തുക എന്ന ആശയമാണ് കോളേജ് മുന്നോട്ടുവെക്കുന്നത്.
വിവിധ ഉത്പനന്നങ്ങള്‍ നിര്‍മിച്ച വിദ്യാര്‍ഥികള്‍ പുതിയ കമ്പനിയുടെ പേര് കണ്ടെത്തുകയും പ്രഥമ ഉല്‍പ്പന്നങ്ങളുടെ വിതരണം നടത്തുകയും ചെയ്യും. കോളേജിലെ അധ്യാപകരില്‍ നിന്നും വലിയ സഹകരണമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പഠനത്തോടപ്പം വരുമാനം നേടുകയെന്ന ആശയമാണ് കോളേജ് മുന്നോട്ട് വെക്കുന്നത്.