നയതന്ത്ര വിള്ളല്‍: കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ
ന്യൂഡല്‍ഹി: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഇന്ത്യ തീരുമാനിച്ചു.ശനിയാഴ്ച രാത്രി 11:59ന് മുന്‍പ് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കി. ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറി മേരി കാതറിന്‍ ജോളി, ഫസ്റ്റ് സെക്രട്ടറി ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്സ്, ഫസ്റ്റ് സെക്രട്ടറി ആദം ജെയിംസ് ചുപ്ക, ഫസ്റ്റ് സെക്രട്ടറി പോള ഓര്‍ജുവേല എന്നിവര്‍ക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി.
കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കനേഡിയന്‍ ഹൈ കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.