ദിലീപ് ശങ്കറിന് ആരോഗ‍്യ പ്രശ്നമുണ്ടായിരുന്നുവെന്ന് സംവിധായകൻ; മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമ- സീരിയൽ താരം ദിലീപ് ശങ്കറിന് ആരോഗ‍്യപ്രശ്നമുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിന്‍റെ സംവിധായകൻ മനോജ്. കരൾ സംബന്ധമായ അസുഖത്തിന് ദിലീപ് ചികിത്സ തേടിയതായും രോഗത്തെ കാര‍്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുന്ന ആളായിരുന്നു ദിലീപ്. കാണാത്തതിനെ തുടർന്ന് പ്രൊഡക്ഷൻ ടീമിലുള്ളവർ തുടരെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നീട് പ്രൊഡക്ഷൻ ടീമിലുള്ളവർ നേരിട്ടെത്തുകയായിരുന്നു.
ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും സംവിധായകൻ പറഞ്ഞു. മരണത്തിൽ ദുരൂഹതയുള്ളതായി തോന്നുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ദിലീപ് ശങ്കർ എല്ലാ ദിവസവും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുമായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. രണ്ട് ദിവസം കണ്ടില്ല സീരിയലുമായി ബന്ധപ്പെട്ട് പുറത്താണെന്നാണ് കരുതിയത്. സംശയം ഒന്നും തോന്നിയില്ലെന്നും ദുർഗന്ധമുണ്ടായതോടെയാണ് പരിശോധിച്ചതെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.
സീരിയൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നാലു ദിവസം മുമ്പാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നില്ല. ഇതുമൂലം ഹോട്ടൽ മുറിയിൽ കഴിഞ്ഞു. ഇതിനിടെയായിരുന്നു സീരിയലിന്‍റെ പ്രൊഡക്ഷൻ വിഭാഗം ദിലീപ് ശങ്കറിനെ ഫോണിൽ ബന്ധപ്പെട്ടത്.
ഫോണിൽ കിട്ടാതെ വന്നതോടെ പ്രൊഡക്ഷൻ വിഭാഗം നേരിട്ടെത്തി. തുടർന്ന് ഹോട്ടൽ അധികൃതരുടെ പരിശോധനയിലാണ് തറയിൽ മരിച്ച നിലയിൽ ദിലീപിനെ കാണുന്നത്. തുടർന്ന് കന്‍റോൺമെന്‍റ് പൊലീസിനെ വിവരമറിയിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.