കേരളത്തിന് നിരാശ: വിദർഭക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി, 342ന് ഓൾ ഔട്ട്

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് നിരാശയുടെ ദിവസം. ലീഡ് നേടാനായി പൊരുതിയെങ്കിലും കേരളം 342 റൺസിന് ഓൾ ഔട്ടായി. ഒന്നാമിന്നിംഗ്‌സിൽ 37 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്. വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസ് എടുത്തിരുന്നു. 98 റൺസെടുത്ത സച്ചിൻ ബേബിയുടെ പുറത്താകലാണ് കളിയിൽ ട്വിസ്റ്റ് കൊണ്ടുവന്നത്
3ന് 131 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 170ൽ എത്തിയപ്പോൾ 79 റൺസെടുത്ത ആദിത്യ സർവതെ പുറത്തായി. സ്‌കോർ 219ൽ സൽമാൻ നിസാറും വീണു. 21 റൺസാണ് സൽമാൻ എടുത്തത്. സ്‌കോർ 278ൽ 34 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പോയതോടെ സച്ചിൻ ബേബി അപകടം മണത്തു. ഇതോടെ കടുത്ത പ്രതിരോധത്തിലൂന്നിയായി കേരളത്തിന്റെ ബാറ്റിംഗ്
ജലജ് സക്‌സേന-സച്ചിൻ ബേബി കൂട്ടുകെട്ട് കേരളത്തെ 324 വരെ എത്തിച്ചു. ഇതോടെ കേരളം ലീഡ് നേടുമെന്ന പ്രതീക്ഷയുണർത്തി. എന്നാൽ സെഞ്ച്വറിക്ക് 2 റൺസ് അകലെ സിക്‌സ് കണ്ടെത്താനുള്ള സച്ചിന്റെ ശ്രമം കരുൺ നായരുടെ കൈകളിൽ ഒതുങ്ങി. 235 പന്തുകൾ നേരിട്ട സച്ചിന്റെ പക്കൽ നിന്നുമുള്ള നിരുത്തരവാദപമായ ഏക ഷോട്ടും ഇതായിരുന്നു. 10 ഫോറുകൾ സഹിതമാണ് സച്ചിൻ 98 റൺസ് എടുത്തത്
സച്ചിൻ വീണതോടെ കൂടുതലൊന്നും ചെയ്യാൻ കേരളത്തിന് സാധിച്ചില്ല. 337ൽ 28 റൺസെടുത്ത ജലജ് സക്‌സേനയും 338ൽ എംഡി നിധീഷും പുറത്തായി. 342ൽ ഏദൻ ആപ്പിൾ ടോമും വീണതോടെ വിദർഭക്ക് 37 റൺസിന്റെ ലീഡ്. നാലാം ദിനമായ നാളെ സമനിലക്ക് വേണ്ടിയാകും വിദർഭ ശ്രമിക്കുക. ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയതിനാൽ മത്സരം സമനിലയിൽ ആയാൽ വിദർഭക്ക് കിരീടം സ്വന്തമാക്കാം.