
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനൽ മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടർത്തി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പന്ത് കാല്‍മുട്ടിലിടിച്ച് കേലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെറ്റ്‌സില്‍ പേസര്‍മാരെ നേരിടുന്നതിനിടെയാണ് സംഭവം. ഗ്രൗണ്ടില്‍ വെച്ച് ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. പരിക്കേറ്റ ഭാഗത്ത് പെയിന്‍ കില്ലര്‍ സ്‌പ്രേ അടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനു ശേഷം താരം പരിശീലനം നിർത്തിവെച്ചന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ടീമിന്റെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കോലിക്ക് ഫൈനലിന് ഇറങ്ങാന്‍ സാധിക്കാതെവന്നാല്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.
അതേസമയം ഇന്ത്യ ന്യൂസീലൻഡ് മത്സരത്തിന്റെ കലാശ പോരാട്ടം നാളെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ന്യൂസീലന്‍ഡ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.