2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്ന് റവന്യു മന്ത്രി കെ രാജൻ. ഡിസംബർ 31ന് വീടുകളുടെ നിർമാണം പൂർത്തിയാക്കും. ദുരന്തത്തിൽ അകപ്പെട്ട വ്യാപാരികളെ കൈവിടില്ല. ഇവർക്കായി പാക്കേജുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
സമഗ്രമായ പുനരധിവാസ പദ്ധതിയുണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീട് നിർമിക്കുന്നത്. നോ ഗോ സോണിലുള്ളവർ, വീടുകൾ തകർന്നവർ, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവർ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതിൽ പെടാത്തവരുമുണ്ട്. അത്തരത്തിൽ 200ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്
മൂന്ന് മാസം കഴിഞ്ഞ് സഹായങ്ങൾ ഇല്ലാതാകുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ വാടക ഒരു മാസം പോലും മുടങ്ങിയില്ല. ഇത്ര വലിയ ദുരന്തം കേരളത്തിന്റെ അനുഭവങ്ങളിലില്ല. അത്രയും വലിയ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുക എന്ന ധാരണയാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.