തൃശ്ശൂർ പൂരം അലങ്കോലപ്പെടൽ: എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും അജിത് കുമാർ ഇടപെടാത്തത് കർത്തവ്യലംഘനമാണെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന ഡിജിപയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയും ശരിവെച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തൃശ്ശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ല. പ്രശ്‌നങ്ങളുണ്ടായപ്പോൾ റവന്യു മന്ത്രി ഫോണിൽ വിളിച്ചെങ്കിലും എഡിജിപി എടുത്തില്ല.
അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. പൂരം നടക്കുന്നതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരും തമ്മിൽ വാക്കുതർക്കമുണ്ടായത് റവന്യു മന്ത്രി കെ രാജൻ എഡിജിപിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ സ്ഥലത്തുണ്ടാകുമെന്നും എല്ലാത്തിനും മേൽനോട്ടം വഹിക്കാമെന്നും അജിത് കുമാർ പറഞ്ഞു. രാത്രി പൂരം അലങ്കോലപ്പെട്ടപ്പോൾ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയെ ആണ്. എന്നാൽ ഫോൺ എടുക്കുകയോ പ്രശ്‌നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.