ഈ ചുമ മരുന്ന് 4 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി അധികൃതർ
ക്ലോര്‍ഫെനിര്‍മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന ചുമ മരുന്ന് നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.
ഒരുവര്‍ഷംമുന്‍പ് നിരോധനം നടപ്പാക്കിയിരുന്നു. ഇതിനെതിരേ പ്രധാന നിര്‍മാതാക്കള്‍ പരാതിയുയര്‍ത്തി.
ഇതുപരിഗണിച്ച ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് നിരോധനം ശരിവെച്ചത്. ഇന്ത്യയില്‍ ചുമമരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള സംയുക്തമാണിത്. പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.
ഡി.ടി.എ.ബി.ക്ക് പുറമേ ഈ വിഷയത്തിന്റെ വിദഗ്ധസമിതിയും പരാതി ചര്‍ച്ചചെയ്തു. ഇതിനുശേഷമാണ് തീരുമാനം. മരുന്നിന്റെ കവറിനുമുകളില്‍ നാലുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പതിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിര്‍ബന്ധമാക്കി.