National

ട്രെയിനിലെ പുതപ്പുകള്‍ കഴുകാറുണ്ടോ?; റെയില്‍വേ ജീവനക്കാരുടെ മറുപടി അമ്പരപ്പിക്കും

ന്യൂഡല്‍ഹി: എസി കോച്ച് യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ടാകുന്നതാണ്. ഉപയോഗത്തിന് ശേഷം പുതപ്പുകളെല്ലാം കഴുകാറുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. വെള്ള പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒരു തവണയെങ്കിലും കഴുകാറുണ്ടെന്നുമാണ് റെയില്‍വേ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേയുടെ മറുപടി.

ഒരു കമ്പിളി പുതപ്പ് മാസത്തില്‍ രണ്ട് തവണയെങ്കിലും കഴുകണമെന്നാണ്. പക്ഷെ ലോജിസ്റ്റിക് ക്രമീകരണങ്ങളെല്ലാം ലഭ്യമായാല്‍ മാത്രമാണ് രണ്ട് തവണ കഴുകാന്‍ സാധിക്കുകയുള്ളു. ഒരു മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്പിളി പുതപ്പുകള്‍ കഴുകാറുണ്ടെന്നാണ് വിവിധ ദീര്‍ഘദൂര ട്രെയിനുകളിലെ ഹൗസ്‌കീപ്പിങ് സ്റ്റാഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

പുതപ്പുകളില്‍ കറയോ അസഹ്യമായ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ തവണ കഴുകുകയുള്ളൂ. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ബ്ലാങ്കറ്റുകള്‍, ബെഡ്ഷീറ്റുകള്‍, തലയിണ കവറുകള്‍ എന്നിവയ്ക്കായുള്ള ചാര്‍ജ് ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക് പാക്കേജിന്റെ ഭാഗമാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ ടിക്കറ്റെടുക്കുന്ന സമയത്ത് ബെഡ്‌റോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഓരോ കിറ്റിനും അധിക തുക നല്‍കി തലയിണ, ബെഡ്ഷീറ്റ് എന്നിവ ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പങ് മാനേജ്‌മെന്റ് സെക്ഷന്‍ ഓഫീസര്‍ റിഷു ഗുപ്ത പറഞ്ഞു.

ഓരോ ട്രെയിന്‍ യാത്രകളും അവസാനിച്ചതിന് ശേഷം ബെഡ്ഷീറ്റുകളും തലയിണ കവറുകളും കെട്ടുകളാക്കി കഴുകാനായി നല്‍കാറുണ്ട്. എന്നാല്‍ പുതപ്പിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അവ വൃത്തിയായി മടക്കി കോച്ചില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. ദുര്‍ഗന്ധമോ അല്ലെങ്കില്‍ എന്തെങ്കിലും ഭക്ഷണത്തിന്റെയോ മറ്റോ കറയോ ശ്രദ്ധിയില്‍പ്പെട്ടെങ്കില്‍ മാത്രമേ അവ അലക്കാന്‍ നല്‍കുകയുള്ളുവെന്ന് ഒരു ഹൗസ് കീപ്പിങ് സ്റ്റാഫ് പറഞ്ഞു.

യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകളും മറ്റും വൃത്തിയുള്ളതാണോ എന്ന് നിരീക്ഷിക്കുന്നതിനായുള്ള സൗകര്യം ട്രെയിനിലില്ല. മാസത്തില്‍ രണ്ട് തവണയെല്ലാം പുതപ്പുകള്‍ കഴുകും എന്ന കാര്യത്തില്‍ യാതൊരു വിധ ഉറപ്പുമില്ല. ഛര്‍ദിയോ നനവോ ദുര്‍ഗന്ധമോ ശ്രദ്ധയില്‍പ്പെട്ടെങ്കില്‍ മാത്രമേ തങ്ങളത് കഴുകാന്‍ നല്‍കാറൊള്ളു. എന്നാല്‍ യാത്രക്കാര്‍ പരാതി ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് വൃത്തിയുള്ള പുതപ്പ് നല്‍കാറുണ്ടെന്ന് മറ്റൊരു ക്ലീനിങ് സ്റ്റാഫ് വ്യക്തമാക്കി.

ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത വസ്തുക്കള്‍

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു വ്യക്തി കയ്യില്‍ കരുതാന്‍ പാടില്ലാത്ത വസ്തുവാണ് പടക്കം. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി തീവണ്ടി യാത്രകളില്‍ ഒരിക്കലും പടക്കമോ അല്ലെങ്കില്‍ തീ പിടിക്കുന്ന വസ്തുക്കളോ കയ്യില്‍ കരുതാന്‍ പാടില്ല. നിരോധിത വസ്തുക്കളുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടെത്തിയാല്‍ റെയില്‍ നിയമത്തിലെ സെക്ഷന്‍ 164 പ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കും. 1000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കും.

Related Articles

Back to top button