Kerala

ശസത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ശസ്ത്രക്രിയക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

സംഭവത്തിൽ ഉത്തരവാദികൾ ആയിട്ടുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുമയ്യയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.

സംഭവത്തിൽ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

Related Articles

Back to top button
error: Content is protected !!