രോഗി നെഞ്ച് വേദനയില്‍ പുളയുമ്പോഴും റീല്‍സ് കണ്ട് ഡ്യൂട്ടി ഡോക്ടര്‍; ജില്ലാ ആശുപത്രിയില്‍ 60 കാരിക്ക് ദാരുണാന്ത്യം
ഡോക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം
ഡോക്ടര്‍മാരോട് കൈ ചൂണ്ടി സംസാരിക്കുന്നത് പോലും ക്രിമിനല്‍ കേസാകുന്ന ഇക്കാലത്ത് നെഞ്ച് വേദന കൊണ്ട പുളയുന്ന രോഗിയുടെ അടുത്ത് പോലും പോകാതെ റീല്‍സ് കണ്ടിരിക്കുന്ന ഡോക്ടറുടെ വാര്‍ത്തയെ അധികൃതര്‍ എങ്ങനെ നോക്കിക്കാണുമെന്നറിയില്ല. ശസ്ത്രക്രിയ ചെയ്ത കത്രിക വയറ്റിനുള്ളില്‍ വെച്ച് മറന്ന് മുറി തുന്നിക്കെട്ടുന്ന ഡോക്ടര്‍മാര്‍ക്ക് പോലും ക്ലീന്‍ ചിറ്റ് നല്‍കിയ നാട്ടില്‍ തെളിവ് സഹിതം പുറത്തുവന്ന ഈ അലംബാവത്തിലും നടപടിയുണ്ടാകാന്‍ ഇടയില്ല.
60കാരിയായ സ്ത്രീയുടെ ദാരുണാന്ത്യത്തിന് കാരണമായിരിക്കുകയാണ് ഡ്യൂട്ടി ഡോക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗം. നെഞ്ച് വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നത് പോയിട്ട് അടുത്ത് വരാന്‍ പോലും തയ്യാറാകതെ ഡോക്ടര്‍ റീല്‍സ് കണ്ട് ആസ്വദിക്കുകയായിരുന്നു.
ഇതോടെ പ്രവേഷ് കുമാരി എന്ന 60കാരി മരണത്തിന് കീഴടങ്ങി. രോഗി തൊട്ടരുകില്‍ നെഞ്ചുവേദനകൊണ്ട് പുളയുന്നതും ഇതിനിടെ ഡോക്ടര്‍ മൊബൈല്‍ നോക്കി ഇരിക്കുന്നതുമായ ആശുപത്രിയിലെ സിസിടിവി ദൃശ്യം പുറത്തുവന്നു.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു പ്രവേഷ് കുമാരിയെ മകന്‍ ഗുരുശരണ്‍ സിംഗും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ആദര്‍ശ് സെന്‍ഗര്‍ എന്ന ഡോക്ടറായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. നെഞ്ചുവേദന കൊണ്ട് അമ്മ നിലവിളിക്കുന്നത് കണ്ട് പല തവണ ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും റീല്‍സ് കണ്ടിരിക്കുകയായിരുന്നുവെന്ന് ഗുരുശരണ്‍ സിംഗ് പറഞ്ഞു.
ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മേധാവി ഉരപ്പുനല്‍കിയെങ്കിലും കാര്യമുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷയില്ല. ഇത്തരം കേസുകളില്‍ പരാതിക്കാരെ പ്രതിയാക്കുന്ന നടപടിയാണ് സാധാരണഗതിയില്‍ ഉണ്ടാകാറുള്ളത്.