കൂട്ടക്കൊലപാതകങ്ങൾക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ പണം കൊണ്ട് കടം വീട്ടി അഫാൻ

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന അഫാന്റെ മൊഴി സാധൂകരിച്ച് അന്വേഷണ സംഘം. കൊലപാതകങ്ങൾക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപതിനായിരം രൂപ കടം വീട്ടാൻ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്
ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയുന്നില്ല. അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. ഇതാണ് കൊലപാതകങ്ങൾക്ക് കാരണമെന്നാണ് അഫാൻ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉമ്മയെ ആക്രമിച്ച ശേഷം അഫാൻ നേരെ പോയത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടിലേക്കാണ്. ഒമ്പത് മിനിറ്റിൽ സൽമാ ബീവിയെ കൊലപ്പെടുത്തി മാലയെടുത്ത് തിരികെ വന്നു
വെഞ്ഞാറമൂട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല പണയം വെച്ച് 74000 രൂപ വാങ്ങി. ഇതിൽ നിന്നും 40000 രൂപ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടി. പിന്നീടാണ് പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി പിതൃസഹോദരനെയും ഭാര്യയെയും കൊല്ലുന്നത്.