Kerala

നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ; നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനേയും വെറുതെവിടില്ലെന്നും കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ ഭീഷണി മുഴക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും’ കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തുവന്നതും ഉൾപ്പടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറ് കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങൾ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും വളരെ രൂക്ഷമായ ഭാഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ മാധ്യമങ്ങൾ ‘ചവറ്’ വാർത്തകളാണ് നൽകുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം.

Related Articles

Back to top button
error: Content is protected !!