Kerala
നാട്ടിക അപകടം: ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നി, അലക്സ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. ലൈസൻസ് ഇല്ലാത്ത ക്ലീനർ അലക്സാണ് അപകടസമയത്ത് മദ്യലഹരിയിൽ വാഹനമോടിച്ചിരുന്നത്
റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികളാണ് മരിച്ചത്. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവർ. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി നാട്ടുകാരാണ് പിന്തുടർന്ന് പിടികൂടിയത്.
അതേസമയം ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ രാത്രിയിൽ പ്രത്യേക പരിശോധന നടത്തും. ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.