റവാഡയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ

പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ വാർത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സർവീസിൽ ദുരിതം അനുഭവിച്ചെന്ന പരാതിയാണ് ഇദ്ദേഹം ഉയർത്തിയത്. പരാതി പരിശോധിക്കാമെന്ന് പോലീസ് മേധാവി ഉറപ്പ് നൽകി
മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ എന്ന് പരാതിക്കാരൻ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാൾ ഉയർത്തിക്കാട്ടി. പിന്നാലെ പോലീസ് എത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഹാളിന് പുറത്തേക്ക് കൊണ്ടുപോയി
മാധ്യമപ്രവർത്തകനെന്ന് പറഞ്ഞാണ് ഇയാൾ പോലീസ് ആസ്ഥാനത്ത് എത്തിയത്. ബഷീർ വിപി എന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ പിന്നീട് പറഞ്ഞു. കണ്ണൂർ ഡിഐജി ഓഫീസിലാണ് എസ്‌ഐ ആയി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതിയെന്നും ഇയാൾ പറഞ്ഞു