കൂത്താട്ടുകുളത്ത് അടിമുടി നാടകീയത; കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി; പോലീസ് കേസ് എടുത്തു
സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പ്രതി
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ അടിമുടി നാടകീയത. യു ഡി എഫിന് പിന്തുണ നല്‍കുമെന്ന് കരുതിയ സി പി എം കൗണ്‍സിലര്‍ കലാ രാജുവിനെ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി മകള്‍ രംഗത്തെത്തി.
എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പൊലീസ് നോക്കിനില്‍ക്കെ സിപിഎം കൗണ്‍സിലര്‍മാര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു.
പരാതിയില്‍ പോലീസ് കേസ് എടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍. നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിനിടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി.
അതിനിടെ, തങ്ങള്‍ 13 കൗണ്‍സിലര്‍മാരോടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.