
ദുബായ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ജബല്‍ അലി മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിക്കുകയും പിന്നീട് മറ്റൊരു ട്രാക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നൂവെന്ന് ദുബായ് പോലീസ് അറിയിച്ചു. തീപിടിച്ചതോടെ നിയന്ത്രണം നഷ്ടമായ ട്രക്ക് എതിര്‍ദിശയിലേക്ക് മറിയുകയും ആ ട്രാക്കിലൂടെ വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
https://x.com/DubaiPoliceHQ/status/1895384114296991795
തീപിടിച്ച ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രികള്‍ പ്രവേശിപ്പിച്ചതായി ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ് റൂഇ പറഞ്ഞു. വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നവര്‍ അപകടം ഒഴിവാക്കാന്‍ പതിവായി വാഹനത്തിന്റെ ബ്രേക്കുകളും വയറുകളും ഇന്ധന ലൈനുകളും പരിശോധിക്കണമെന്നും എന്തെങ്കിലും മെക്കാനിക്കല്‍ തകരാറുകള്‍ ഉണ്ടോയെന്നത് ശ്രദ്ധിക്കമെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.