ദുബൈയില്‍ ഡ്രോണ്‍ ഡെലിവറി സര്‍വിസ് ആരംഭിച്ചു
ദുബൈ: നാലു ഓപറേഷന് റൂട്ടുകളിലായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സര്‍വിസ് ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ ആദ്യമായാണ് ഇത്തരം ഒരു സേവനം ലഭ്യമാവുന്നത്. ഇന്നലെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. കീട്ട ഡ്രോണ്‍ എന്ന കമ്പനിക്കാണ് മരുന്നും പാര്‍സല്‍ വസ്തുക്കളും ഡ്രോണ്‍ ഉപയോഗിച്ച് ദുബൈയില്‍ പാര്‍സലായി എത്തിക്കാന്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ദുബൈ സിലികോണ്‍ ഓയാസിസിലാണ് സേവനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആറ് ഡ്രോണ്‍ സര്‍വിസുകള്‍ക്കാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദുബൈയും അബുദാബിയും ഇത്തരത്തിലുള്ള പുതിയ സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചുള്ള ഗതാഗത മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ദുബൈയുടെ സുപ്രധാന ചുവടുവെപ്പ്. സിലികോണ്‍ ഓയസിസിലെ റോച്ചെസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദുബൈ ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലാണ് ഗാതഗത തടസം ഒഴിവാകുന്ന ഏറ്റവും വേഗത്തില്‍ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.